Tuesday, January 7, 2014

             പൊന്നോണ തരംഗിണിയും ഞാനും


മാസികകളിൽ , റോഡരികിൽ കാണുന്ന ഫ്ലെക്സ് ബോർഡുകളിൽ കാണുന്ന ചില പരസ്യങ്ങൾ ഉണ്ട്. അതി സുന്ദരിയായ ഒരു യുവതി, ഭംഗിയുള്ള പട്ടു സാരി ചുറ്റി, കണ്ണഞ്ചിപ്പിക്കുന്ന സ്വർണാഭരണങ്ങൾ അണിഞ്ഞ്, ദേവലോക നർത്തകിമാരെ വെല്ലുന്ന മേനിയഴകോടെ നില്ക്കുന്നു. ഒറ്റ നോട്ടത്തിൽ, ഇത് എന്തിന്റെ പരസ്യം ആണെന്ന് ശങ്കിച്ച് പോകും...വസ്ത്രക്കടയുടെതോ , ജ്വല്ലറിയുടെതോ  അതോ സ്ത്രീ സൗന്ദര്യത്തെ വാഴ്ത്തുന്ന വേറെ എന്തിന്റെയെങ്കിലും ആണോ ഇത്  ?. അത് പോലെ എന്നെ എന്നും ചിന്താക്കുഴപ്പത്തിൽ  ആക്കുന്ന ഒരു ഗാനസമാഹാരം ആണ് പൊന്നോണ തരംഗിണി . ഇത്രയും വർഷങ്ങൾക്കിടയിൽ എനിക്കിന്നും ഉത്തരം കിട്ടാത്ത ചോദ്യം ആണ്, ഇതിലെ ഗാനങ്ങളിൽ ഏറ്റവും മികച്ച ഘടകം എന്താണ് ? ദാസേട്ടന്റെ ഭാവ സുന്ദരമായ ശബ്ദമോ ? രവീന്ദ്രൻ മാസ്റ്ററുടെ മാന്ത്രിക സംഗീതമോ ? അതോ ശ്രീകുമാരൻ തമ്പി സാറിന്റെ സ്വര്ഗതുല്യമായ വരികളോ ?

മനുഷ്യന്റെ വിവിധ വികാരങ്ങളുടെ ഒരു ആകത്തുക - ഒറ്റ വാചകത്തിൽ പറഞ്ഞാൽ അതാണ്പൊന്നോണ തരംഗിണി. ഒരു യവന ശില്പ്പം പോലെ   എല്ലാം തികഞ്ഞ ഒരു ഗാനമാല. ഇതിൽ പ്രതീക്ഷയുടെ പുൽനാമ്പുകൾ ഉണ്ട്, വിരഹത്തിന്റെ കണ്ണീരുപ്പുണ്ട്  , സന്തോഷത്തിന്റെ പൊൻ തിളക്കം ഉണ്ട്, വേർപാടിന്റെ വേദന ഉണ്ട്..കഴിഞ്ഞ നൂറ്റാണ്ടിന്റെ കൌമാരവും യൗവ്വനവും എന്നിക്കു ശരിക്കും തിരിച്ചറിയാൻ ആവുന്നത് മുടിപ്പൂക്കളും, പാതിരാമയക്കവും , തോണിക്കാരനും ഒക്കെ കേൾക്കുമ്പോൾ ആണ്..

ഓണത്തിന്റെ വരവറിയിച്ചു കൊണ്ട് " ഉയരുകയായി " തുടങ്ങുന്നു . "ചിങ്ങവയൽക്കിളി" എത്തുമ്പോൾ ഓണം ഇങ്ങെത്തി കഴിഞ്ഞു.  "അയ്യോ, ഓണം ഇങ്ങെത്തിയല്ലോ!" എന്ന് പറഞ്ഞു വീടും പറമ്പും വൃത്തിയാക്കാൻ അച്ഛനും അമ്മയും തത്രപ്പെടുമ്പോൾ എന്റെ ഉള്ളിൽ സന്തോഷത്തിന്റെ പെരുമഴ ആണ് ( ഹായ്, ഓണം വന്നല്ലോ ) ..   തിരക്കിനിടയിൽ വേണം അച്ഛന്റെ കാലു പിടിച്ചു ഊഞ്ഞാൽ കെട്ടിക്കാൻ ! ഓണപ്പരീക്ഷക്കുള്ള തയ്യാറെടുപ്പിനിടയിൽ പൂവിടാനുള്ള ഉത്സാഹവും , ഓണസദ്യക്കു വിളമ്പാൻ അമ്മ മുന്നേ ഉണ്ടാക്കി വെച്ച ഉപ്പേരിയും അച്ചപ്പവും കട്ട് തിന്നുന്നതിലെ കുസൃതിയും , അച്ഛൻ വാങ്ങി വെച്ച , (തിരുവോണത്തിനെ അത് എന്റെ കയ്യിൽ  കിട്ടുകയുള്ളൂ ) , ഓണക്കോടിയുടെ പുതുമണം കിട്ടാൻ ഇടയ്ക്കിടെ രഹസ്യമായി അലമാര തുറക്കുന്ന കൗതുകവും ഒക്കെ തിരികെ തരുന്നു "മണ്ണിൻ മണം ഈണം " ആക്കുന്ന ഗാനം .

മുടിപ്പൂക്കളിൽ എത്തുമ്പോൾ എനിക്ക് മുൻപിൽ ഓണം ഇല്ല, അവിടെ പ്രണയം മാത്രം ! ഇത്രയും ലളിതമായ സംഗീതം കൊണ്ട്, ഹൃദയത്തിൽ നിന്നുതിരുന്ന വരികൾ, ഞാൻ കേട്ടിട്ടുള്ളതിൽ വെച്ചേറ്റവും മധുരമായ ശബ്ദമായി അന്തരീക്ഷത്തിൽ ലയിക്കുമ്പോൾ  എന്റെ ഉള്ളിൽ പ്രണയത്തിന്റെ പാലാഴി ആണ് ! എത്ര കേട്ടാലും മതി വരാത്ത എന്റെ ഏറ്റവും പ്രിയപ്പെട്ട പ്രണയഗാനം ! ഒരു ഗാനം പശ്ചാത്തലത്തിൽ മുഴങ്ങുമ്പോൾ, പ്രണയിനിയുടെ മടിയിൽ തല ചായ്ച്ച് , അവളുടെ കണ്ണുകളിലേക്കു നോക്കി, മണിക്കൂറുകളോളം കിടക്കുമ്പോൾ ഉണ്ടാകുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ ആവില്ല. അതനുഭവിച്ചു തന്നെ അറിയണം ! പ്രണയത്തിന്റെ ചൂട് ശരിക്കും അറിഞ്ഞ നിമിഷങ്ങൾ ! ഇന്ന്, എന്റെ പൊന്നോമനയെ നെഞ്ചോട്ചേർത്ത് ഉറക്കാൻ ഏറ്റവും ഹൃദ്യമായ താരാട്ടു പാട്ടായി മുടിപ്പൂക്കൾ എന്നെ അത്ഭുതപ്പെടുത്തുന്നു . ഒരു ഓടക്കുഴൽ നാദത്തിൽ തുടങ്ങുന്ന മായ പ്രപഞ്ചം വർണിക്കാൻ എനിക്ക് വാക്കുകളില്ല ! ജീവിതത്തിന്റെ ഇരുൾ നിറഞ്ഞ നാൾ വഴികളിൽ ഒരു തരി പൊന്ന് പോലും കഴുത്തിലോ കാതിലോ ഇല്ലാതെ പ്രിയസഖിയെ കാണുമ്പോൾ , കുറവ് നികത്താൻ നിവർത്തിയില്ല എന്ന സത്യം ഉൾക്കൊണ്ടു " കനകത്തിൻ ഭാരമെന്തിന്നോമനെ , എന്റെ പ്രണയം നിന്നാഭരണം അല്ലയോ ?" എന്ന് മൂളുമ്പോൾ പുഞ്ചിരിച്ചവൾ , വർഷങ്ങൾ കഴിഞ്ഞ്, ഏതെങ്കിലും വഴി അല്പ്പം ധനനഷ്ടം ഉണ്ടാകുമ്പോൾ എന്നെ നോക്കി ചിരിച്ചു കൊണ്ട് മന്ത്രിക്കും :" നിലക്കാത്ത ധനമെന്തിന്നോമനെ നിന്റെ മടിയിലെൻ കണ്മണികൾ ഇല്ലെയോ ?"


"പാൽനിരപ്പൂ  പുഞ്ചിരിഓണ നാളുകളിൽ ഒരു പാടൊരുപാട് പ്രതീക്ഷയോടെ പ്രണയിനിയെ കാത്തിരിക്കുന്ന ഹൃദയത്തിന്റെ തുടിപ്പുകൾ ആണ് . ഓണത്തിന്റെ ഓർമകളിൽ അവൾ നിറഞ്ഞു നില്ക്കുകയാണ് .അവളില്ലാത്ത ഓണം തീർത്തും അപൂർണം എന്ന് വിളിച്ചു പറയുന്ന വരികൾ !

പ്രതീക്ഷകൾ ആർത്തിരമ്പുന്ന മനസ്സിലേക്ക് സ്വപ്നത്തിലൂടെ കടന്നു വരുന്ന അവളെ പാതിരാമയക്കത്തിൽ നമുക്ക് കാണിച്ചു തരുന്നു കവി . അവൾ തനിക്കു എത്ര മാത്രം പ്രിയപ്പെട്ടതാണെന്നും അവളുടെ അഭാവം തന്റെ ജീവിതത്തിൽ എത്ര മാത്രം നിഴലിക്കുന്നു എന്നും വിവരിച്ചു തരുന്ന വരികൾ ആർദ്രമായ ശബ്ദത്തിലൂടെ , ലളിതമായ സംഗീതത്തിന്റെ മേമ്പൊടിയോടെ നമ്മൾ ആസ്വദിക്കുകയാണ് .

ഒരു പാട് നൊമ്പരപ്പെടുത്തിയാണ് പൂക്കളം കാണുന്ന പൂമരം നെഞ്ചിലേക്ക് ആഴ്ന്നിറങ്ങുന്നത്. വിരഹത്തിന്റെ തീജ്വാലകളിൽ വെന്തുരുകുന്ന മനസ്സുമായി അവളെയോർത്ത്പാടുന്ന കാമുകൻ. കൗമാര പ്രണയത്തിൽ ഒരിക്കൽ പോലും സംസാരിക്കാതെ , കണ്ണുകൾ കൊണ്ട് കഥ പറഞ്ഞ്, കാലങ്ങളോളം പ്രണയിച്ച മനസ്സുകളെ പ്രതിഫലിപ്പിക്കുന്ന വരികൾ...! ആദ്യ ദർശനം, ആദ്യ ചുംബനം ...മനസ്സിൽ കോറിയിട്ട നാഴിക ക്കല്ലുകൾ ഒന്നൊന്നായി ഓർക്കുകയാണിവിടെ ! ചില പ്രണയങ്ങൾ തീവ്രമാകുന്നത്
മൗനത്തിലൂടെ  ആണ്, മിഴികളിലൂടെ ആണ്..കത്തുകളോ ഫോണ്വിളികളോ ഇല്ലാതിരുന്ന, അല്ലെങ്കിൽ അനുവദനീയം അല്ലാതിരുന്ന അവസ്ഥയിൽ എല്ലാം പരസ്പരം കൈ മാറിയിരുന്ന ഒരു നോട്ടം, മൗനം ! " കാലത്തിൻ കോലത്താൽ വേർ പിരിഞ്ഞോർ നമ്മൾ കാണുകയായിതാ വീണ്ടും " വരികൾ നിറഞ്ഞ കണ്ണുകളോടെ അല്ലാതെ എങ്ങനെ കേട്ടിരിക്കും ?

പ്രതീക്ഷകൾ എല്ലാം കൈ വിട്ടു വേർപാടിന്റെ തീവ്രത  വരച്ചു കാട്ടുന്നു തോണിക്കാരനും അവന്റെ പാട്ടും...നഷ്ടപ്പെടലിന്റെ വേദന കരളിനെ കാർന്നു തിന്നുമ്പോൾ അവനു പൊട്ടിക്കരയുക അല്ലാതെ എന്ത് മാർഗം ? അവനു കൂട്ടായി, വേദനയിൽ അവൻ കാണുന്നത് വൈക്കം കായലിനെ ആണ് ..." നിന്റെ കരയിൽ നിലാവിൽ ഞാനിരിക്കാം , നിന്റെ കൂടെ പുലരുവോളം ഞാൻ കരയാം , പ്രണയ വേദന അറിഞ്ഞവർക്കായ്നാല് വരി പാടാം " ചങ്കു പൊട്ടി പാടുന്ന കാമുകനെ ഇതിലും മനോഹരമായി എങ്ങനെ വർണ്ണിക്കും ?


ഒരു ഓണക്കാലത്തിന്റെ  പശ്ചാത്തലത്തിൽ മനുഷ്യൻ ഓർമകളുടെ ഏണിപ്പടികൾ നടന്നു കയറുന്നത് എങ്ങനെ എന്ന് അതിമനോഹരമായി വരച്ചു കാട്ടിയിട്ടുണ്ട് സംഗീത ലോകത്തെ ത്രിമൂർത്തികൾ പൊന്നോണ തരംഗിണിയിലൂടെ . ഗാനങ്ങളുടെ വരികൾ ആദ്യമായി എഴുതിയപ്പോൾ തമ്പി സാറിനുണ്ടായ വികാരം, കാലത്തെ അതിജീവിക്കുന്ന ഈണങ്ങളിലൂടെ അവ അനശ്വരമാക്കിയ രവീന്ദ്രൻ മാസ്റ്റർക്കുണ്ടായ സംതൃപ്തി , കോടാനുകോടി ജനങ്ങളുടെ ഹൃദയത്തിൽ അലിഞ്ഞു ചേർന്ന മധുര ശബ്ദത്തിലൂടെ ആദ്യമായി ഗാനങ്ങൾ ആലപിച്ചപ്പോൾ ഉണ്ടായ ആത്മ നിർവൃതി.....ഒക്കെ ഞാൻ വെറുതെ സങ്കല്പ്പിച്ചു പോകുകയാണ് ...! ഒരു ഓണ സദ്യ പോലെ എല്ലാം തികഞ്ഞ ഒരു ആൽബം . വാഴയിലയിൽ വിളമ്പിയ കറികൾ തൊട്ടു നാവിൽ വെച്ച്, ചോറിനു വേണ്ടിയുള്ള കാത്തിരിപ്പിനിടയിൽ ഉപ്പേരി പൊട്ടിച്ചു വായിലിട്ട്, പിന്നെ പരിപ്പും പപ്പടവും നെയ്യും കൂട്ടി കുഴച്ച  ചോറുണ്ട്, എരിവുള്ള സാമ്പാർ കൂട്ടി രണ്ടാമങ്കം കഴിഞ്ഞ്, മധുരപ്പായസ്സത്തിന്റെ രുചിയിൽ മുങ്ങി തോർത്തി, ഒടുക്കം മോര് ഒഴിച്ച് വീണ്ടും ഒരു പിടി ചോറ് കൂടി കഴിച്ചവസാനിപ്പിക്കുന്ന ഓണ സദ്യ ! അത് പോലെ, ഒരു ചെറിയ തുടക്കത്തിൽ നിന്നും വികാരത്തിന്റെ തിരമാലകളിൽ ആടിയുലഞ്ഞു ഒരു യാത്ര . എല്ലാ രുചികളും ആസ്വദിച്ച , മനസ്സു നിറച്ച ഒരുഗ്രൻ  സദ്യ !അതാണ്പൊന്നോണ തരംഗിണി ! വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ഇന്നും ഓണക്കാലത്ത് ഏറ്റവും വിൽപ്പനയുള്ള ആൽബമായി പൊന്നോണ തരംഗിണി തലയുയർത്തി നിൽക്കുന്നതും അതിന്റെ അനിർവചനീയമായ മാന്ത്രികത കൊണ്ട് തന്നെ !