Wednesday, April 24, 2013

Mathachan, 42 ,male, കാഞ്ഞിരപ്പള്ളി



അല്ല മാത്തച്ചാ , നിങ്ങളെ ഫേസ് ബുക്കിന്റെ മൊയലാളി  സക്കർബുർഗ് വിളിച്ചെന്നു  ഒക്കെ കേട്ടല്ലൊ , ശരിയാണോ?

ശരി തന്നെടാ കൊച്ചനെ , അങ്ങേരു എന്നെ വിളിച്ചു കുറെ സന്തോഷ വര്ത്തമാനം പറഞ്ഞു . ഞാൻ ഒരു സംഭവം തന്നെ ആണ് എന്നാ കാർന്നോരു കരുതിയിരിക്കുന്നത് .

എന്നാലും മാത്തച്ചാ  നിങ്ങള് ഇതൊക്കെ എങ്ങനെ  സാധിക്കുന്നു ? ഫേസ് ബുക്കിൽ ഇത്രയും ഫ്രണ്ട്സും പോസ്റ്റും ഒക്കെ എങ്ങനെ ഒപ്പിച്ചു ?

അതൊക്കെ ഒരു ട്രിക്ക് അല്ലെ മോനേ .. . സംഭവം വളരെ സിമ്പിൾ ആണ് . നമ്മൾ ആള്ക്കാരുടെ പൾസ്  നോക്കി കളിക്കണം . സകല ചവറുകളും കേറി അങ്ങ് ലൈക്ചെയ്യണം . പാമ്പിന്റെയും പട്ടിയുടെയും മുതെലെടെയും ഒക്കെ പടത്തിനും വീഡിയോ ക്ലിപ്പിനും ഒക്കെ കേറി “awesome, incredible, speechless” എന്നൊക്കെ വെച്ച് കാച്ചണം . ഫണ്ണി വീഡിയോ എന്നും പറഞ്ഞു ഇടുന്ന സാധനം കണ്ടു നെഞ്ചത്തടിച്ചു കരയാൻ തോന്നിയാലും കമാന്നൊരു അക്ഷരം മിണ്ടരുത് . “LOL, fantastic, thanks for sharing” എന്നങ്ങു പറയണം . ഇതെല്ലാം പോസ്റ്റ്ചെയ്യുന്ന തെണ്ടികളുടെ ഒരു കോമണ്മനശാസ്ത്രം ഉണ്ട് ;. ലൈക്ക് ചെയ്യുന്നവരോടും കമന്റ്ഇടുന്നവരോടും ഒക്കെ അവർക്ക് ഒരു പ്രത്യേക 'ഇത്', തോന്നും . നമ്മൾ അതിൽ പിടിച്ചു കളിക്കണം .

ഭയങ്കരൻ, അപ്പൊ മാത്തച്ചനു  ഇത്രയും ഫ്രണ്ട്സ്  എങ്ങനെ ഉണ്ടായി ?

അതൊരു കഥയാണ് മോനെ, ആദ്യം ഞാൻ നമ്മുടെ പോയിലക്കടയിലെ സാബുവിനെയും പാലുകാരൻ പാപ്പിയെയും ആഡ് ചെയ്താണ് കളത്തിൽ ഇറങ്ങിയത് . ഇവന്മാർ ആണെങ്കിലോ സകല തോന്നിവാസ ഗ്രൂപ്പിലെയും മെംബേർസ് ആണ് . അങ്ങനെ ഗ്രൂപിലോക്കെ ഞാനും കേറിപ്പറ്റി ഗ്രൂപ്പുകൾ എന്നൊക്കെ പറഞ്ഞാ ഒരു വാലും ചേലും ഇല്ലാത്ത ഐറ്റംസ് ആണ് മൊനെഉദാഹരണത്തിന്, ചേനയും കാച്ചിലും എന്ന ഗ്രൂപ്പിൽ കേറിയപ്പോൾ അവിടെ നമ്മുടെ കുന്നിൻപുറത്തെ പൊടിമോൾ പട പടാന്ന് ഓരോന്ന് പോസ്റ്റുന്നു . അങ്ങനെ അവളെ കേറി പോക്ക് ചെയ്തു.

അല്ലേലും മാത്തച്ചൻ  പോക്ക് കേസിനെ തന്നെ ആദ്യം കേറി പോക്ക്  ചെയ്തല്ലോ ?

എടാ, അതൊരു തുറുപ്പ് അല്ലാരുന്നോ! അവൾ ഫ്രണ്ട് ആയപ്പോൾ  ദാ  കിടക്കുന്നു നാട്ടിലെ സകല സദാചാര പോലീസുകാരും അവളുടെ സർക്കിളിൽ ! സകലവന്മാരെയും ആഡ് ചെയ്തു അപ്പൊ തന്നെ.

മാത്തച്ചാ  നിങ്ങള് പുലി തന്നെ.. മാർപ്പാപ  എങ്ങനെ നിങ്ങടെ ഫ്രണ്ട് ആയി.. ?

നീ എന്നെയും കൊണ്ടേ പോകൂ അല്ലെ?

അല്ല മാത്തച്ചാ , ഒരു ആവേശം കൊണ്ട് ചോദിച്ചു പോയതാ .

അത്രയ്ക്ക് ആവേശം വേണ്ട, എന്നാലും പറയാം . അങ്ങേരെ നമ്മുടെ കടമറ്റത്ത്കത്തനാരുടെ  ഗ്രൂപ്പീന്ന്  ചൂണ്ടിയതാ .

എന്നാലും ഗ്രൂപ്പീന്നുള്ള അറിയാൻ മേലാത്ത ആള്ക്കാരെ ഒക്കെ, പ്രത്യേകിച്ച് പെണ്ണുങ്ങളെ എങ്ങനെ വളക്കുന്നു മാത്തച്ചാ ?

എടാ മണ്ടാ , ബർണാഡ് ഷാ പറഞ്ഞത് നിനക്കൊര്മ ഉണ്ടോ “ "പുകഴ്ത്തലിൽ വീഴാത്ത ഒരു സ്ത്രീയും ലോകത്തില്ല എന്ന് ".   ഫേസ് ബുക്കിന്റെ കാര്യത്തിൽ അതിനു സ്ത്രീയെന്നോ പുരുഷന എന്നോ ഇല്ല. നേരത്തെ പറഞ്ഞ പോലെ തലങ്ങും വിലങ്ങും ലൈക്ചെയ്യണം . കമന്റിനും മറു കമന്റിനും ഒക്കെ ലൈക് . ഏതു  കൂറ  ഫോട്ടോ ഇട്ടാലും ഒരു ലൈക്‌, കൂടെ ചുമ്മാ ഒരു ചോദ്യം  ഏതാ  സ്ഥലം, ഏതാ ക്യാമറ. . എങ്ങാനും ആളിന്റെ സ്ഥലം പിടി കിട്ടുവാണേൽ ഉടനെ ചോദിക്കണം, ക്ഷേത്രത്തിനടുത്ത് ആണോ വീട് ? അല്ലെങ്കിൽ പള്ളിടെ അടുത്തെങ്ങാനും ആണോ വീട് ?

അതെന്താ മാത്തച്ചാ , അതിന്റെ ഗുട്ടെന്സ്?

എടാ മണ്ടാ , കേരളത്തിൽ  ഒരു 4 km ചുറ്റളവിൽ എത്ര പള്ളിയും ക്ഷേത്രവും കാണും?

ഹൊ മാത്തച്ചന്റെ ഒരു ബുദ്ധി !

പിന്നെ വേറെ കുറെ ടീംസ് ഉണ്ട് . സകല ദൈവങ്ങളുടെയും ആനകളുടെയും ഒക്കെ ഗ്രൂപ്പ്ഉണ്ടാക്കി പോസ്റ്റുന്ന റ്റീംസ്നമ്മൾ സ്ഥലവും കാലവും നോക്കി ജാതിയും മതവും ഒക്കെ അങ്ങ് മാറണം . ആനയെങ്കിൽ ആന... പോയാൽ  ഒരു ലൈക്‌, കിട്ടിയാലോ ?

മാത്തച്ചൻ  കിടു ആണ് കേട്ടോ !

ജീവിച്ചു പോട്ടെടാ ഉവ്വെഇനി വേറെ ചില കൂട്ടര് ഉണ്ട് . തുമ്മിയാലും ചീറ്റിയാലും ഒക്കെ വാളിൽ പോസ്റ്റുന്ന മനോരോഗികൾ . അയ്യോ, എന്റെ കാലിൽ  ഞൊട്ട കേട്ടേ , ഞാൻ ഇന്ന് മൂന്നു പേനിനെ കൊന്നു എന്നൊക്കെ ഉള്ള പോസ്റ്റ്ഇടുന്ന പാർട്ടീസ് ഫേസ് ബുക്ക്ഇല്ലാതെ ജീവിക്കാൻ പറ്റാത്തവർ ആണ് . എങ്ങാനും ഒരു പോസ്റ്റിനു ഒരു ലൈക്കോ കമന്റോ കണ്ടില്ലെങ്കിൽ പിന്നെ അന്നത്തെ ദിവസം മുഴുവൻ അവർ അണ്ടി പോയ അണ്ണാനെ  പോലെ നടക്കും .

ഹോ മാത്തച്ചന്റെ ഒരു കാര്യം ! എന്നാലും ഫ്രണ്ട്സ് മുഴുവനും ആക്റ്റീവ് ആണോ മാത്തച്ചാ ?

ഹേയ് , അതൊക്കെ ആര് നോക്കുന്നു , ആള്ക്കാര് പല ടൈപ്പ് അല്ലെ മോനെ, ചിലര് ഓടി പാഞ്ഞു വന്നു ഒരു റിക്വസ്റ്റ് അയക്കും. നമ്മൾ തച്ചിനു അതങ്ങ് അസ്സെപ്റ്റ് ചെയ്യും. പിന്നെ ഒരു അനക്കവും കാണില്ല . ഒളിച്ചും പാത്തും ചെറ്റ  പോക്കുന്ന ചില പകല മാന്യന്മാർ ഇല്ലേ, അവരെ പോലെ ഉളളവർ . നമ്മുടെ ആൽബത്തിൽ കേറി ഫോട്ടോസും കണ്ടു പ്രൊഫൈൽ മൊത്തം അരിച്ചു പെറുക്കി ചുമ്മാ പൊടിയും തട്ടി അങ്ങ് പോകും . വെടി പൊട്ടിച്ചാലും അനങ്ങില്ല പിന്നെ. ഇങ്ങനെ ഉള്ളവര്ക്കെല്ലാം ഒരു എട്ടിന്റെ പണി കൊടുക്കണം എന്ന് ഞാൻ സക്കർബർഗിനോട് പറഞ്ഞിട്ടുണ്ട്.

ഹാ , കള  മാത്തച്ചാ ...!

ഹല്ലാ പിന്നെ, അതൊരു മാതിരി കന്നം തിരിവല്ലേ മോനെ ? ഇവനൊക്കെ ബാക്കി എല്ലാത്തിനും നേരം ഉണ്ട്, തൂമ്പാ  എടുത്തു ഒരു തെങ്ങിന് തടം എടുക്കാൻ വയ്യതവനോക്കെ ഫാം വില്ലിൽ കൃഷി എന്നും പറഞ്ഞിറങ്ങുംനമ്മൾ ഫേസ് ബുക്ക്വഴി പോക്കറ്റ്അടിക്കുകയോ മാല  തട്ടി പറിക്കുകയോ ഒന്നും ചെയ്യില്ലല്ലോ , അപ്പൊ ഒരു വാക്ക്  മിണ്ടിയാൽ എന്താ  ?

മതി മാത്തച്ചാ വിട്ടേരെ ...! എന്നാലും മാത്തച്ചൻ  കുറച്ചൂടെ നീറ്റ്  ആകണം . ഫ്രണ്ട്ഷിപ്പ് ഒരു ബ്ലെസ്സിംഗ്  അല്ലെ മാത്തച്ചാ ...?

എടാ പൊന്നു  മോനെ, നീ പി സി  ജോർജിനെ  ഭരണിപ്പാട്ട് പഠിപ്പിക്കല്ലേ ? പോസ്റ്റ്നീ ഫോളോ ചെയ്യണ്ട കേട്ടോനേരം കളയാതെ  വീട് പിടിക്കാൻ നോക്ക് .. എനിക്കിന്നത്തെ ലൈകിനും കമന്റിനും ഒക്കെ നേരം ആയി.. പിന്നെ , ഞാനും സക്കർബുർഗും കൂടി നിക്കുന്ന പടത്തിനു നീ കുറെ ലൈക്കും കമന്റും പൂശാൻ മറക്കണ്ട !ഗുഡ് നൈറ്റ്!

ഗുഡ് നൈറ്റ്മാത്തച്ചാ , ഞാൻ ലോഗ് ഔട്ട്ചെയ്യുന്നു..!

Tuesday, April 23, 2013

അമ്മുക്കുട്ടി



ഇന്ന് അമ്മുക്കുട്ടിയുടെ അഞ്ചാം പിറന്നാൾ  ആണ് . കുളിച്ചു സുന്ദരിക്കുട്ടിആയി അമ്മമ്മ വാങ്ങി തന്ന പുത്തൻ  ഉടുപ്പും ഇട്ടു, അവൾ അമ്മയെയും അച്ഛനെയും കാത്തിരിക്കുകയാ കേക്ക് മുറിക്കാൻ ! ഹോ, ചോക്ലേറ്റ്കേക്കിന്റെ പുറത്തു ഭംഗി ഉള്ള മിന്നി മൗസിന്റെ  പടം കണ്ടു അവൾക്കുതോന്നി, ഹോ, മിന്നി മൗസ് ആയിരുന്നെങ്കിൽ, അമ്മമ്മ കാണാതെ കേക്ക്പതിയെ പതിയെ കാന്തി തിന്നു തീർക്കാമായിരുന്നു ...! നേരം ഇത്രയുമായിട്ടും അച്ഛനെയും അമ്മയെയും കാണുന്നില്ലല്ലോ ? അവൾ ഭിത്തിയിലെ കിളികളുടെ പടമുള്ള ക്ലോക്കിൽ നോക്കി സൂചി മെല്ലെ നീങ്ങുന്നത് നോക്കി നിന്നു. ഇടയ്ക്കിടെ കണ്ണാടിയിൽ പോയി അവൾ ഭംഗിയുള്ള ഉടുപ്പിന്റെ മിനുക്കുകൾ തിളങ്ങുന്നത് അസ്വദിക്കും. അമ്മമ്മ  എത്ര നല്ലതാ, ഉടുപ്പിട്ട് എന്നെ കാണാൻ എന്ത് ഭംഗിയാ ! ഇടയ്ക്കിടയ്ക്ക്  നീ ഇപ്പൊ വല്യ കുട്ടി ആയി എന്ന് പറയുമ്പോൾ   ആണ് അമ്മുക്കുട്ടിക്ക് അമ്മമ്മയോടു ദേഷ്യം വരുന്നത് . അവൾ കണ്ണാടിയിൽ നോക്കി അമ്മമ്മയോടു എന്ന  പോലെ ഒരു ഗോഷ്ടി കാണിച്ചു . "അമ്മുക്കുട്ടി, ദേ ,അച്ഛനും അമ്മയും വന്നു ". ഹായ്, അമ്മമ്മ വിളിക്കുന്നു ,അവൾ നേരെ വിരുന്നു മുറിയിലേക്ക് ഓടി . അവിടെ ലാപ്ടോപ്പിലെ സ്കൈപ്പ് വിൻഡോവിൽ തെളിഞ്ഞ അച്ഛന്റെയും അമ്മയുടെയും മുഖം ശ്രദ്ധിക്കാതെ അവൾ മിന്നി മൌസിന്റെ പടമുള്ള കേക്കിലെ മെഴുകുതിരികൾ ഊതിക്കെടുത്തി . ലാപ്ടോപ് സ്പീക്കറിൽ നിന്നും അച്ഛന്റെയും അമ്മയുടെയും സ്വരം  "ഹാപ്പി ബര്ത്ഡേ റ്റു യൂ അമ്മുക്കുട്ടി  " ആയി ഒഴുകുമ്പോൾ അവൾ ചോക്ലേറ്റ് കേക്ക് മുറിച്ചു വായിൽ ആക്കുന്നതിന്റെ തിരക്കിലായിരുന്നു.

മുപ്പതു സെക്കന്ഡ്



1987  നവംബർ

ഇതിപ്പോൾ കഴിഞ്ഞ മൂന്നു മാസത്തിനിടക്ക്  ആറാം തവണയാണ് ഉണ്ണിക്കുട്ടന്   പനി വരുന്നത് . ആശുപത്രി സന്ദര്ശനം  ആകെ  മടുത്തിരുന്നു , അപ്പനായ  ബാബുവിന് . ഓരോ തവണയും ഒരു കൂട്ടം ഗുളികകളും ഇന്ജക്ഷനുകളും ആയി  ആശുപത്രിയുടെ പടി ഇറങ്ങും. അപ്പോഴേക്കും ഒരാഴ്ചത്തെ കൂലിപ്പണി ചെയ്ത ശമ്പളം  മുഴുവനും തീർന്നിരിക്കും . എന്ത് ചെയ്യാനാ , അവനെ സ്കൂളിൽ മുടങ്ങാതെ വിടണ്ടേ , തന്നെ  പോലെ കൂലിപ്പണി എടുത്തു നടു ഒടിക്കാൻ അവനെ വിടാൻ പറ്റില്ലല്ലോ .   ഏഴു  വയസ്സുകാരന്റെ  മുഖത്തെ  ക്ഷീണം  കാണുമ്പോൾ   ബാബു  എല്ലാം  മറന്നു  അവനെയും  സൈക്കിളിൽ   ഇരുത്തി  ചെമ്മണ് പാതയിലൂടെ  നേരെ  സനാതന ആശുപത്രിയിലേക്ക് പോകും . പതിവ് പോലെ   ആശുപത്രിയിൽ ഒരു മണിക്കൂർ നീണ്ട കാത്തിരിപ്പിനൊടുവിൽ പുരുഷോത്തമൻ ഡോക്ടറെ കണ്ടു  . പനി കൂടുതലാണ്, ഇൻജക്ഷൻ എടുക്കണം ,എല്ലാം ശരിയാകും .ഡോക്ടറുടെ  വാക്കുകൾ  ആശ്വാസത്തോടെ  കേട്ട് കൊണ്ട് ബാബു കൈകൂപ്പി എഴുന്നേറ്റു . ഉണ്ണിക്കുട്ടനെയും   കൊണ്ട്  നേരെ നേഴ്സുമാരുടെ   മുറിയിലേക്ക്  നടന്നു . അവിടുത്തെ  പാരസെടമോളിന്റെയും   ഫെപ്പാനിലിന്റെയും   ഇട  കലർന്ന   മണം  അവന്റെ  മനം പുരട്ടാൻ  തുടങ്ങി. ഡോക്ടർ  കുറിച്ചു   കൊടുത്ത  തുണ്ട് ബാബു ശോശാമ്മ സിസ്റ്ററിനു  കൊടുക്കുമ്പോൾ  അവൻ  ഭീതിയോടെ  ഇലക്ട്രിക്  ഹീറ്റരിനു  മുകളിലെ  സ്റ്റീൽ  പാത്രത്തിൽ  കിടന്നു  തിളയ്ക്കുന്ന  സൂചികളെ  നോക്കി . ശോശാമ്മ സിസ്റ്റർ  അവനെ  നോക്കി  ഒന്ന്  പുഞ്ചിരിച്ചു . അവൻ  അത്  കണ്ടില്ല  എന്ന്  നടിച്ചു . ഒരു  ചെപ്പടി വിദ്യക്കാരന്റെ ഭാവ ഹാവാദികളോടെ  ശോശാമ്മ സിസ്റ്റർ  ഒരു  കുഞ്ഞു  ബോട്ടിൽ   എടുത്തു  കുലുക്കി . പാത്രത്തിൽ  നിന്നും  ഒരു  സൂചി  എടുത്തു  സിറിഞ്ചിൽ  പിടിപ്പിച്ചു , അല്പ്പം  വെള്ളം  പമ്പ്  ചെയ്തു  എല്ലാം  OK ആണെന്ന്  ഉറപ്പു  വരുത്തി . താൻ  പോലും  അറിയാതെ  ഉണ്ണിക്കുട്ടൻ  നിക്കർ  പതിയെ  താഴേക്ക്  നീക്കി  തന്റെ  ജീവിതത്തിൽ  ഏറ്റവും  വെറുക്കപ്പെടുന്ന  മുപ്പതു  സെക്കന്റിനായി   തയ്യാറെടുത്തു . സൂചി  കയറ്റുമ്പോൾ  ഉള്ള  വേദന  അവൻ  അത്രയ്ക്ക്  വെറുത്തിരുന്നു . സിറിഞ്ചിൽ   മരുന്ന്  നിറച്ചു  ശോശാമ്മ സിസ്റ്റർ   അവന്റെ  അടുത്തേക്ക്  നടക്കുമ്പോഴേക്കും  അവന്റെ  രണ്ടു  കയ്യും  ബലമായി  പിടിക്കാൻ  ബാബു  തയ്യാറായി  കഴിഞ്ഞിരുന്നു . സ്പിരിറ്റ്  മുക്കിയ  പഞ്ഞി  കൊണ്ട്  അവന്റെ  ചന്തിയിൽ  തടവുമ്പോൾ  പതിവ്  പോലെ  ശോശാമ്മ സിസ്റ്റർ  സിറിഞ്ചിൽ നിന്നും ശ്രദ്ധ തെറ്റിക്കാനായി അവനോടു  ചോദിച്ചു  ," മോൻ  ഏതു  ക്ലാസ്സിലാ  പഠിക്കുന്നത് ?" ഒരു  നിമിഷം , അലറിക്കൊണ്ട്  ഉണ്ണിക്കുട്ടൻ  പറഞ്ഞു  :" നിങ്ങളോട്  എത്ര  തവണ  പറയണം  തള്ളെ , മൂന്നാം  ക്ലാസ്സിൽ  എന്ന് ..! ഇതിപ്പോ  അഞ്ചാം    തവണയാ ഞാൻ പറയുന്നത്:" അന്ധാളിച്ചു നിന്ന  ശോശാമ്മ സിസ്റ്റരിനെയും  ബാബുവിനെയും  ശ്രദ്ധിക്കാതെ  അവൻ അടുത്ത മുപ്പതു  സെക്കന്റുകൾക്കായി  കണ്ണുകൾ  മുറുക്കി അടച്ചു.