അന്ന് നിന്റെ ആദ്യത്തെ ദിവസമായിരുന്നു സ്കൂളിൽ. നിന്റെ കുഞ്ഞു വിരലുകൾ വിടുവിച്ചു ഞാൻ നടന്നകലുമ്പോൾ നീ വാവിട്ടു കരയുന്നുണ്ടായിരുന്നു. ഉടഞ്ഞു വീണ സ്ലേറ്റിനും ചിതറിയ പെൻസിലുകൾക്കും ഇടയിലിരുന്നു നീ 'അമ്മെ,പോകല്ലേ അമ്മേ' എന്നലറി വിളിച്ചു. നിന്റെ ബെഞ്ചിൽ പകച്ചിരുന്ന പുത്തൻ കൂട്ടുകാരെ നീ ശ്രദ്ധിച്ചില്ല, രണ്ടു കൈകളിലും ബലമായി പിടിച്ച ടീച്ചറിനെ നീ കണ്ടില്ല, തിരിഞ്ഞു നോക്കാതെ നടന്നു പോകുന്ന ഞാൻ ഓടി വന്നു നിന്നെ വാരിയെടുത്തു ഉമ്മ വെയ്ക്കുമെന്ന് നീ വെറുതെ മോഹിച്ചു, വെറുതെ..
ഇന്ന്, ഇവിടെ ഈ വൃദ്ധ സദനത്തിൽ നിന്റെ സ്ഥാനത്ത് ഞാൻ ഇരിക്കുന്നു....ഇടതു കയ്യിൽ ഗുരുവായൂരപ്പന്റെ ഒരു ചില്ലു പടവും വലതു കയ്യിൽ ഒരു തുണി സഞ്ചിയുമായി...മോനെ, എന്നെ തനിച്ചാക്കി പോകല്ലേ എന്ന് പറയാൻ എനിക്ക് നാവു വഴങ്ങുന്നില്ല...അന്ന് നീ പഠിച്ചു വലിയ ആളാകാൻ വേണ്ടി ആണെന്ന് സമാധാനിച്ചു ഞാൻ നടന്നു പോയെങ്കിൽ, ഇന്ന് എല്ലാവരുടേയും മുൻപിൽ ചെറുതാകാൻ ഭയന്ന് നീ നടന്നു പോകുന്നു ...എങ്കിലും ഞാൻ ആശിക്കുന്നു, ഒരു നിമിഷം, നീ തിരികെ വന്നു എന്റെ കവിളത്തെ ചുടു കണ്ണീർ തുടച്ചെങ്കിൽ..........!
No comments:
Post a Comment