ഹോ , ഒരു മാസത്തെ ലീവ് കിട്ടിയ പാടെ പെട്ടിയും പൂട്ടി, കെട്ട്യോളും കുട്ട്യോളും ആയി നേരെ വെച്ച് പിടിക്കും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് , നൊസ്റ്റാൽജിയ , പിറന്ന നാടിന്റെ മണം , മാങ്ങാത്തൊലി എന്നൊക്കെ പറഞ്ഞു.. ചെന്ന് ഇറങ്ങുന്നതോ? ഡെങ്കി, പന്നി, പക്ഷി, തക്കാളി എന്ന് വേണ്ട , ഇനി ഏതൊക്കെ പേരിട്ടു വിളിക്കാമോ , അതൊക്കെ വിളിക്കാവുന്ന പനികളുടെ നടുവിലേക്ക് ...എല്ലാരേം കൊണ്ട് ഒരു സിനിമക്ക് പോകാം എന്ന് കരുതി തലേന്ന് രാത്രി കാറിൽ പെട്രോളും അടിച്ചു കഴുകി വൃത്തിയാക്കി ഇടും. നേരം വെളുക്കുമ്പോ ഠിം ! ഹർത്താൽ...! പിന്നെ ആശുപത്രിയിൽ അന്നമ്മ നഴ്സ് പ്രഷർ നോക്കുന്ന കുന്ത്രണ്ടാത്തിലെ ബലൂണ്‍ പോലുള്ള സാധനത്തിൽ ഇട്ടു ഞെക്കുന്നത് പോലെ ടിവിയുടെ റിമോട്ട് എടുത്തു മടിയിൽ വെച്ച് പകല് മുഴുവൻ ഞെക്കോട് ഞെക്ക്. പിള്ളേര് ഇരിക്കുമ്പോൾ വാർത്ത വെക്കാൻ പറ്റൂല്ല, പീഡനം, ലൈവ് വീഡിയോ , ബലാൽസംഗം ..ഇത് മാത്രം ഉള്ള വാർത്ത ...എന്നാ പിന്നെ വല്ല സീരിയലും വെക്കാം എന്ന് വെച്ചാലോ, അവിഹിതം, തലയിണ മുഖത്ത് അമര്ത്തി കൊലപാതകം , എന്റമ്മോ, അതും വേണ്ട..ഏഷ്യാനെറ്റ് മൂവീസ്സിൽ' പടം തുടങ്ങി 'വെച്ചപ്പോൾ, ധാണ്ടെടാ , മോഹൻലാൽ മടക്കി കുത്തിയ ലുങ്കി മേലോട്ട് പൊക്കി തുടയിൽ ചൊറിഞ്ഞു നായികയോട് വേണ്ടാത്ത വര്ത്തമാനം പറയുന്നു, റിമോട്ട് ദൂരെ എറിഞ്ഞു അഞ്ചു വയസ്സുള്ള മോളുടെ കണ്ണ് പൊത്തി .എന്നാ പിന്നെ ഞായറാഴ്ച ഒന്ന് കൊല്ലത്ത് പോയി കറങ്ങാം എന്ന് വെച്ചപ്പോൾ അയലത്തെ ചാക്കോച്ചൻ പറയുന്നു , "പോകുന്നതൊക്കെ കൊള്ളാം, വല്ല തുണി കടയിൽ കേറി ഭാര്യക്ക് ചുരിദാർ ഒന്നും വാങ്ങാൻ നിക്കണ്ട, എന്നാൽ പിന്നെ അവള് അത് ഫിറ്റ് ആണോ എന്ന് ഇട്ടു നോക്കുന്നത് സാബൂന്റെ ഇന്റർനെറ്റ് കഫെയിൽ കാണാം നാളെ.."
ദൈവമേ, അങ്ങനെ അതും ചീറ്റി....! ഇനി ഇപ്പൊ എന്ത് പണ്ടാരം ചെയ്തിട്ടാണ് മുപ്പതു ദിവസം തള്ളി നീക്കുന്നത്. വീട്ടില് ഇരുന്നാൽ നേരം വെളുക്കുമ്പോൾ ഓരോ കുരിശുകള് കേറി വരും .. ലൈഫ് ഇൻഷുറൻസ് പോളിസി , ( പണ്ട് റോഡിൽ വെച്ച് സൈക്കിളിൽ നിന്ന് മലര്ന്നടിച്ചു തെക്ക് വടക്ക് കിടന്നപ്പോൾ തിരിഞ്ഞു നോക്കാതെ നടന്നു പോയ രമണൻ സാർ ആണ് ഇപ്പൊ ജീവൻ രക്ഷയുമായി ഗൾഫുകാരനായ എന്റെ മുന്നില് ഇരിക്കുന്നത് ) , ക്ഷേത്ര പുനരുദ്ധാരണം എന്ന് പറഞ്ഞു അമ്പല കമ്മിറ്റി പ്രസിഡണ്ട് സാഗർ കോട്ടപ്പുറം ( ഈ പേര് എവിടെയോ കേട്ടത് പോലെ!) മൂന്ന് ദിവസം ആയി വിളിക്കുന്നു . എനിക്ക് പോലും എന്റെ മൊബൈൽ നമ്പർ കാണാതെ അറിയില്ല, പുള്ളിക്ക് കാണാപ്പാഠം ! പണ്ട് ക്രിക്കറ്റ് കളിക്കിടയിൽ ബോൾ അടിച്ചു അമ്പലത്തിന്റെ ഓടിന്റെ മുകളിൽ ഇട്ടു എന്നും പറഞ്ഞു എന്റെ അച്ഛനേം അപ്പുപ്പനേം ഒക്കെ 'അന്വേഷിച്ച ' ( തന്തക്കു വിളിച്ചു എന്ന് പച്ചക്ക് പറയാമോ ?) മഹാനായ പ്രസിഡന്റ് . ഇവന്മാരുടെ കയ്യിൽ നിന്ന് രക്ഷപെടാൻ ഇനി ഒറ്റ വഴിയെ ഉള്ളൂ...ലീവ് ക്യാൻസൽ ചെയ്തു ഇപ്പൊ തന്നെ വണ്ടി കേറുക !
വാൽക്കഷണം : നാട്ടിൽ പോകാൻ ലീവ് തരാത്ത സായിപ്പിനോടുള്ള കലിപ്പ് , ഒരു മാസത്തെ ലീവിൽ അടിച്ചു പൊളിക്കാൻ നാട്ടിലേക്കു പോകുന്ന ഗൾഫ് സുഹൃത്തിനോടുള്ള കുശുമ്പ് ആയപ്പോൾ !
നിനക്ക് ലീവ് കിട്ടാത്തതിനു ഞങ്ങടെ പോറത്തോട്ട് കേറിക്കോ. ആസൂയക്ക് ഒക്കെ ഒരു ലിമിറ്റ് ഇല്ലേ.. :p
ReplyDelete