വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിൽ എത്തിയ പാടെ അമ്മ പറഞ്ഞു," മോനെ, ഇന്ന് വെള്ളിയാഴ്ച ആണ് , വൈകുന്നേരം കുളിച്ചു ക്ഷേത്രത്തിൽ പോകണം, ദീപാരാധന കണ്ടു തൊഴണം." അല്ലറ ചില്ലറ യുക്തി വാദങ്ങൾ ഒക്കെ ഉണ്ടെങ്കിലും എനിക്ക് അമ്മയെ ധിക്കരിക്കാൻ തോന്നിയില്ല .
മാത്രമല്ല, കുറെ വര്‍ഷങ്ങളുടെ ഓർമ്മകൾ വട്ടമിട്ടു പറക്കുന്ന അമ്പലവും ആൽമരവും ഒക്കെ കാണാൻ വീണ്ടും ഒരു കൊതി.
വൈകുന്നേരം കുളിച്ചു കസവു മുണ്ടുടുത്ത് അമ്പലത്തിന്റെ മുന്നില്‍ എത്തിയപ്പോൾ തകര ബോർഡിൽ എന്തോ എഴുതിയിരിക്കുന്നു : "ക്ഷേത്രത്തിനകത്ത് മൊബൈൽ ഫോണ്‍ ഉപയോഗിക്കാൻ പാടില്ല - ക്ഷേത്ര കമ്മിറ്റി " . നല്ല തീരുമാനം. ആശുപത്രിയിലും ബസിലും എന്ന് വേണ്ട മരണ വീട്ടില്‍ വരെ ഒരുളുപ്പുമില്ലാതെ ഈ കുന്ത്രാണ്ടം ഉപയോഗിക്കുന്നവരെ നോക്കി പല്ലിളിച്ചു കൊണ്ട് ഞാൻ അകത്തേക്ക് കയറി. പിത്തള വിളക്കുകളിൽ തിരി നീട്ടി എണ്ണ ഒഴിച്ച് കൊളുത്തി ,കൈവെള്ളയിലെ എണ്ണ മെഴുക്കു തലയിൽ തേച്ചു കളയുന്ന കൌമാരക്കാരികൾ ...നാലമ്പലത്തിനു വലം വെക്കുന്ന അമ്മമാർ , ചന്ദനത്തിരികളുടെ പുകയിൽ മുഖം പൂഴ്ത്തി നില്ക്കുന്ന കുഞ്ഞുങ്ങൾ . ഓർമ്മകൾ അസ്ത്ര വേഗത്തിൽ തിരിച്ചു പോകുന്നു....ഹോ, ആരാണ് പറഞ്ഞത് നാട് മാറിപ്പോയെന്ന് ? ഈ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ഏതു മഹാ പാപി ആണ് ഫോണ്‍ ഉപയോഗിക്കുന്നത് ? പുറത്തു കണ്ട ബോർഡ് ആവശ്യമുണ്ടോ എന്നൊരു സംശയം. എന്റെ ചിന്തകളെ കീറി മുറിച്ചു കൊണ്ട് മണി മുഴങ്ങി, ദീപാരാധനക്ക് ശ്രീകോവിലിന്റെ വാതിലുകൾ അടഞ്ഞു . അകത്തു നിന്നും എനിക്ക് പരിചിതമായ " സർവ്വ മംഗള മംഗല്യേ ശിവേ.." മന്ത്രോച്ചാരണം കേൾക്കുന്നില്ല , ഒറ്റപ്പെട്ട മണിയടി കേൾക്കുന്നില്ല . കണ്ണടച്ച് ഞാൻ കൈ കൂപ്പി നിന്നു . അപ്പോൾ, ശ്രീ കോവിലിനുള്ളിൽ ഭഗവതിയെ സാക്ഷി ആക്കി തന്റെ ഐ ഫോണിൽ പത്തു മിനിട്ടിന്റെ ടൈമർ സെറ്റ് ചെയ്തു ധൃതിയിൽ ആന്ഗ്രി ബേർഡ്സ് കളിക്കുക ആയിരുന്നു യുവ പൂജാരി.
ഇപ്പൊ ദൈവങ്ങളും ആന്ഗ്രി ബേർഡ്സ് കളിയ്ക്കാന്‍ തുടങ്ങിയെന്നാ കേട്ടത്.
ReplyDelete