Tuesday, July 2, 2013
ചോരയുടെ മതം
ന്യൂനപക്ഷത്തെ നാട്ടിൽ നിന്നും ഉന്മൂലനം ചെയ്തേ മതിയാവൂ എന്ന് ശക്തമായി പ്രസംഗിച്ചതിന്റെ ക്ഷീണത്തിൽ കേശവ പിള്ള തലേ രാത്രി നന്നായി ഉറങ്ങിപ്പോയി .തന്റേതായ പ്രസംഗ ശൈലിയിലൂടെ അന്യ സമുദായക്കരോടുള്ള അമര്ഷം തീവ്രവാദത്തിന്റെ കഥകൾ ആക്കി അണികളിൽ കുത്തി വെക്കുന്നതിൽ പിള്ള അങ്ങേയറ്റം വിജയിച്ചിരുന്നു താനും. പുലർച്ചെയുള്ള നടത്തം ഒഴിവാക്കാം ആയിരുന്നെങ്കിലും ഷുഗറും കൊളസ്ട്രോളും ചേർന്ന് തന്റെ പൊതു ജീവിതം പെട്ടെന്ന് അവസാനിപ്പിച്ചാലോ എന്ന പേടി മൂലം പിള്ള നടക്കാൻ ഇറങ്ങി. വളവു തിരിഞ്ഞു വന്ന മീൻ ലോറി പിള്ളയെ ഇടിച്ചിട്ടു കടന്നു പോകുമ്പോൾ റോഡിൽ അധികം ആരും ഉണ്ടായിരുന്നില്ല. ചോര വാർന്നു കിടന്ന പിള്ളയെ ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.
ഒ നെഗറ്റീവ് രക്തത്തിന് വേണ്ടി പിള്ളയുടെ മക്കൾ പരക്കം പായുമ്പോൾ , തന്റെ കുഞ്ഞിനു മരുന്ന് വാങ്ങാൻ എന്ത് ചെയ്യും എന്നറിയാതെ വരാന്തയിൽ നഖം കടിച്ചു നില്ക്കുകയായിരുന്നു ഉസ്മാൻ. ജീവനുമായി മല്ലിടുന്ന പിള്ളയെ ഉസ്മാന് അറിയില്ല. പക്ഷെ അലമുറ ഇടുന്ന പിള്ളയുടെ ഭാര്യയുടെ മുഖം കണ്ട് ഉസ്മാൻ നെഴ്സ്സുമാരുടെ മുറിയിലേക്ക് നടന്നു. രക്തം ദാനം ചെയ്തു നഴ്സ് കൊടുത്ത നാരങ്ങ വെള്ളം കുടിക്കുമ്പോഴും ഉസ്മാന്റെ മനസ്സില് ആ സ്ത്രീയുടെ മുഖം ആയിരുന്നു. പെട്ടെന്ന് സ്വന്തം കുഞ്ഞിനെ വീണ്ടും ഓർത്ത് ഉസ്മാൻ പരിചയക്കാരെ ആരെയെങ്കിലും വഴിയിൽ കാണും എന്ന പ്രതീക്ഷയിൽ റോഡിലേക്ക് ഇറങ്ങി നടക്കുമ്പോൾ പിറകിൽ പിള്ളയുടെ ഭാര്യ ആരോടോ ഫോണിൽ പറയുന്നത് കേട്ടു..." ഭഗവതി കാത്തു എന്റെ ചേച്ചീ.. മേത്തന്റെ ചോരയാണെങ്കിലും സാരമില്ല, ചേട്ടന്റെ ജീവൻ രക്ഷിച്ചല്ലോ ഭഗവതി...അത്രയ്ക്ക് ഉള്ളുരുകി വിളിച്ചു ഞാൻ ദേവിയെ ...!"
Subscribe to:
Post Comments (Atom)
ഇതെഴുതാന്‍ നിന്നെക്കാള്‍ യോഗന്‍ വേറെ ആരുണ്ട്..
ReplyDelete